Wednesday, April 20, 2016

മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന്‍റെ തലതൊട്ടപ്പനാര് ?!.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛
     
ലോകത്ത് എവിടെ ഭീകരാക്രമണങ്ങളും വിമാനറാഞ്ചലുകളും കൂട്ടക്കുരുതികളും നടക്കുമ്പോള്‍ അതിന് പിന്നില്‍ മുസ്‌ലിമീങ്ങളാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്‍റെ പിന്‍ബലം ഇല്ലെങ്കിലും ഇങ്ങനെ വിലയിരുത്തപ്പെടുന്നതിന് പിന്നിലുള്ള മാധ്യമ ഗൂഡാലോചനയും നിക്ഷിപ്ത താല്‍പര്യങ്ങളുമെല്ലാം സാമാന്യ വിവേകമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ. ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലാത്ത ഐസിസ്, ഹിസ്ബുള്ള, അല്‍ഖാഇദ തുടങ്ങിയ ജാരസന്തതികള്‍ ഇസ്‌ലാമിന്‍റെ പേരില്‍ നടത്തുന്ന പേക്കൂത്തുകളും ഇത്തരം പ്രചാരണങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു.

ഇവിടെയാണ്‌ ചില വസ്തുതകള്‍ നാം പരിശോധിക്കേണ്ടിയിരിക്കുന്നത്.

ഇന്ന് ഐസിസ് പോലുള്ള സംഘടനകള്‍ പുലര്‍ത്തിപ്പോരുന്ന രീതിശാസ്ത്രവുമായോ ആക്രമണ സ്വഭാവങ്ങളുമായോ ഇസ്‌ലാമിന് വല്ല ബന്ധവുമുണ്ടോ ?. എന്ന് മുതലാണ്‌ ചാവേര്‍ ആക്രമണങ്ങളും ഗറില്ലായുദ്ധ മുറകളും ആരംഭിച്ചത് ?. ആരാണ് ഇവയെല്ലാം ഇസ്‌ലാമിന്റെ പറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത് ?. Terrorism’s Christian Godfather എന്ന തലക്കെട്ടില്‍ 2008 ജനുവരി 28ന് തിങ്കളാഴ്ച അമേരിക്കയിലെ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഡില്‍ ഈസ്റ്റ്‌ തീവ്രവാദത്തിന്‍റെ തലതൊട്ടപ്പനായി പരിചയപ്പെടുത്തുന്നത് ജോര്‍ജ് ഹബഷ് എന്ന വ്യക്തിയെ ആണ്. അദ്ദേഹം ഒരു ഗ്രീക്ക് ഓര്‍ത്തൊഡോക്സ് ക്രിസ്ത്യനായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍’ (PFLP) എന്ന ജോര്‍ജ്ജ് ഹബഷിന്‍റെ പാര്‍ട്ടിയാണ് സത്യത്തില്‍ മിഡില്‍ ഈസ്റ്റ് ടെററിസത്തിന്‍റെ ഭാഗമായി വിമാന റാഞ്ചലും ചാവേറാക്രമണവുമെല്ലാം തുടങ്ങി വച്ചത്. 1968ല്‍ PFLP യുടെ മൂന്ന്‍ സായുധ ധാരികളായ പ്രവര്‍ത്തകര്‍ റോമില്‍ നിന്ന് ഇസ്രയേലിലേക്കുള്ള ഇസ്രയേല്‍ കമ്പനിയുടെ വിമാനം റാഞ്ചിയതിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഒട്ടനേകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് PFLP നേതൃത്വം നല്‍കി. 1970ല്‍ ഒരേ സമയം നാല് വിമാനങ്ങള്‍ PFLP റാഞ്ചുകയുണ്ടായി. മൂന്നെണ്ണം ജോര്‍ദാനിലേക്ക് പറത്തുകയും അത് ബോംബ്‌ വെച്ച് തകര്‍ക്കുകയും ചെയ്തു. അതുവഴി ജോര്‍ദാനിലെ ഹാഷിമിയ ഭരണകൂടവുമായും PFLP ഒളിപ്പോര്‍ ആരംഭിച്ചു. ഇടത് നിരീശ്വരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് തീവ്രവാദ സേനയായ ജാപനീസ് റെഡ് ആര്‍മിഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആശയപരമായും സായുധപരമായും അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. 1972ല്‍ ഇസ്രയേലിലെ ഇപ്പോള്‍ ബെന്‍ ഗൂരിയന്‍ എയര്‍പ്പോര്‍ട്ട് എന്നറിയപ്പെടുന്ന ലുദ്ദ് എയര്‍പോര്‍ട്ടില്‍ വെച്ച് PFLP യും ജാപ്പനീസ് റെഡ് ആര്‍മിയും ചേര്‍ന്ന് 24 പേരെ ധാരുണമായി വധിച്ചു. ഇതെല്ലാം പരിശോധിച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഗൊറില്ല യുദ്ധവും ചാവേര്‍ ആക്രമണവും സാധാരണക്കാര്‍ക്ക് നേരെയുള്ള ഒളിയാക്രമണവുമെല്ലാം ആരംഭിച്ചത് ചില നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്നാണ് എന്ന് മനസ്സിലാക്കാം.

www.fiqhussunna.com

  മിഡില്‍ ഈസ്റ്റ് തീവ്രവാദം രണ്ട് ധ്രുവങ്ങളിലാണ് കുടികൊള്ളുന്നത്. ഒന്ന് ഒരു ജനതയെ അന്യാധീനപ്പെടുത്തിയ തീര്‍ത്തും അന്യായമായ ഇസ്രയേല്‍
കുടിയേറ്റവും, രണ്ട് അതിനെ ചെറുത്ത് നില്‍ക്കാന്‍ എന്നോണം രൂപീകരിക്കപ്പെട്ട എതിര്‍ തീവ്രവാദ സംഘടനകളും. ഈ രണ്ട് വിഭാഗങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഇസ്‌ലാം ആയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ എണ്ണ സമ്പുഷ്ടവും സാമ്പത്തികമായി ഏറെ ഉയര്‍ന്നു നില്‍ക്കുന്നതുമായ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുക, അവയുടെ സമാധാനം നശിപ്പിക്കുക, സുരക്ഷക്ക് ഇളക്കം തട്ടിക്കുക തുടങ്ങിയ ഒരുപാട് തന്ത്രങ്ങള്‍ ഈ രണ്ട് ചേരികളെ സൃഷ്ടിച്ചതിന് പിന്നില്‍ ഉണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്‍റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാരണക്കാരായ ചില നിക്ഷിപ്ത താല്പര്യക്കാര്‍ തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത് എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. അത് കൃത്യമായി അറിയാന്‍ ഫ്രീമേസണ്‍ ചിന്താധാരയുടെ പ്രശസ്ത വക്താവായിരുന്ന ആല്‍ബര്‍ട്ട് പൈക്ക് 1871 ആഗസ്റ്റ്‌ 15ന് ഇറ്റാലിയന്‍ പൊളിറ്റീഷ്യനായ ഗ്യൂസേപ്പ് മാസ്സീനിക്ക് എഴുതിയ മൂന്ന്‍ ലോക മഹായുദ്ധങ്ങളെ പ്ലാന്‍ ചെയ്യുന്നതായുള്ള കത്തിന്‍റെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍ മതി. ഈ കത്ത് ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധം മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് രൂപപ്പെടുത്തുക എന്ന അവരുടെ കുതന്ത്രത്തിന്‍റെ ഫലമായാണ് ഇസ്രയേല്‍ എന്ന രാജ്യത്തിന്‍റെ രൂപീകരണം തന്നെ. ഇവിടത്തെ വിഷയം അതല്ലാത്തത് കൊണ്ട് അത് സംബന്ധമായി കൂടുതല്‍ വിശദീകരിക്കുന്നില്ല. ന്യൂ വേള്‍ഡ് ഓര്‍ഡര്‍ ഫാക്റ്റ്സ് ആന്‍ഡ്‌ ഫിക്ഷൻ  എന്ന മാര്‍ക്ക് ഡയസിന്‍റെ പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞുവന്നത് ഇന്ന് ഐസിസ് അല്‍ഖാഇദ പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ നടത്തുന്ന ചാവേറാക്രമണങ്ങളും ഗോറില്ല യുദ്ധങ്ങളും പരിശോധിച്ചാല്‍ അവയുടെ ചരിത്രം ഒരിക്കലും ഇസ്‌ലാമിലേക്കോ മുഹമ്മദ്‌ നബി (സ) യിലേക്കോ എത്തില്ല എന്നതാണ്. അത് ചെന്നെത്തുന്നത് ആല്‍ബര്‍ട്ട് പൈക്കിനെ പോലുള്ളവരുടെ ഗൂഡാലോചനകളിലേക്കും, ജോര്‍ജ്ജ് ഹബഷിനെ പോലുള്ള ഓര്‍ത്തൊഡോക്സ് തീവ്രവാദികളിലേക്കും, അയാളുടെ സഹായിയും നിരീശ്വരവാദിയുമായ PFLP യിലെ രണ്ടാമന്‍ വദീഅ്  ഹദ്ദാദിലേക്കും, കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനയായ ജാപ്പനീസ് റെഡ് ആര്‍മിയിലേക്കുമായിരിക്കും.

ഇസ്‌ലാമിന്റെ മുന്‍കാലത്ത് ഇസ്‌ലാമിന്‍റെ ആശയപ്രചാരണത്തിന് ഏറെ തടസ്സം നിന്ന, മുസ്ലിമീങ്ങളെ തമ്മിലടിപ്പിച്ച
ഖവാരിജിയാക്കളെയും ശിയാക്കളെയും രൂപപ്പെടുത്തുന്നതില്‍ അബ്ദുല്ലാഹ് ഇബ്നു സബഅ് എന്ന ജൂതന്‍ എത്രമാത്രം പങ്ക് വഹിച്ചുവോ, എങ്കില്‍ അവരുടെ പിന്‍ഗാമികളായ ISIS, അല്‍ഖാഇദ, ഹിസ്ബുള്ള തുടങ്ങിയവരെ രൂപപ്പെടുത്തുന്നതില്‍ ആരൊക്കെ പങ്ക് വഹിച്ചു എന്നത് ഞാന്‍ പറയേണ്ടതില്ല. അവരുപയോഗിക്കുന്ന ആയുധങ്ങള്‍, അവര്‍ക്ക് ലഭിക്കുന്ന സ്ട്രാറ്റജിക്കല്‍ സപ്പോര്‍ട്ട്, മുസ്‌ലിം രാഷ്ട്രങ്ങളെ കുട്ടിച്ചോറാക്കുന്നതില്‍ അവ വഹിക്കുന്ന പങ്ക് എല്ലാം അത് വിളിച്ചുപറയുന്നു.  
നിരപരാധികളെ കൊന്നൊടുക്കുന്ന, റയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും, പൊതു നിരത്തുകളിലും സാധാരണ ജനങ്ങളെ അറുകൊല ചെയ്യുന്ന, സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ പരിഗണിക്കാതെ അക്രമം അഴിച്ചുവിടുന്ന, മുസ്‌ലിമീങ്ങളുമായി സമാധാനത്തോടെ പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇതരമത വിശ്വാസികളെ നിഷ്കരുണം വധിക്കുന്ന, എന്തിനധികം അല്ലാഹുവിന് ആരാധനയര്‍പ്പിക്കപ്പെടുന്ന പള്ളികളില്‍ പോലും സ്ഫോടനങ്ങള്‍ നടത്തുന്ന ഇത്തരം തീവ്രവാദ സംഘങ്ങളുമായി പരിശുദ്ധ ഇസ്‌ലാമിനോ, ആ തൗഹീദീ ആദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്ന സൗദി അറേബ്യക്കോ, സലഫീ പണ്ഡിതന്മാര്‍ക്കോ യാതൊരു ബന്ധവുമില്ല. മറിച്ച് അവരെ ആശയപരമായും സായുധപരമായും എന്നും എതിര്‍ക്കുക മാത്രമാണ് സലഫികള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന സലഫികളെയും സലഫീ പണ്ഡിതന്മാരെയും ആശയപരമായി എതിര്‍ക്കാന്‍ സാധിക്കാത്ത ചിലര്‍, തങ്ങളുടെ അനാചാരങ്ങള്‍ക്കുള്ള മറയായി ഇസ്‌ലാമിനും ആ ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ആദര്‍ശത്തെ കാത്തുസൂക്ഷിക്കുന്ന സലഫികള്‍ക്കുമെതിരെ, ഇതിനെല്ലാം പിന്നില്‍ മുസ്‌ലിമീങ്ങളും വിശിഷ്യാ സലഫികലുമാണെന്ന ആരോപണങ്ങള്‍ തൊടുത്ത് വിടുന്നു എന്ന് മാത്രം.

34 ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പിന്തുണയോടെ ISIS നും സമാന തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമെതിരില്‍ സലഫീ രാഷ്ട്രമായ സൗദി അറേബ്യ യുദ്ധം പ്രഖ്യാപിക്കുകയും സായുധ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിന്‍റെ ആരംഭം എന്ന നിലക്ക് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന NORTH THUNDER എന്ന സൈനിക പരിശീലനത്തില്‍ ഇരുപത് രാജ്യങ്ങളാണ് അണിനിരന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരെ പടനയിച്ച ഖാലിദ് ബ്ന്‍ വലീദ് (റ) തന്‍റെ സൈനികരെ പ്രാരംഭമായി ഒരുമിച്ച് കൂട്ടിയ ഹഫറുല്‍ ബാത്വിനില്‍ തന്നെയാണ് North Thunder നടക്കുന്നത് എന്നത് ശ്രദ്ധേയം. അന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരായിരുന്നുവെങ്കില്‍ ഇന്ന് അതിന്‍റെ ബാക്കിപത്രമായ ഇറാനിലെ ശീയാ-സ്വഫവീ വഞ്ചകര്‍ക്കും, ISIS, അല്‍ഖാഇദഹിസ്ബുള്ള തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുമുള്ള മറുപടിയാണ് North Thunder. ഗള്‍ഫ് പിടിച്ചെടുത്ത് ഫരിസീ-സ്വഫവീ രാഷ്ട്രം സ്ഥാപിക്കാനുള്ള ഇറാനിയന്‍ ഗൂഡാലോചനക്ക് അതിശക്തമായ പ്രഹരമാണത്. ഇതൊക്കെ ആയാലും ISIS ഉം അല്‍ഖാഇദയും ഇസ്‌ലാമിന്റെ വക്താക്കളും സലഫികളുമാണ് എന്നാണ് ചിലരുടെ പക്ഷം. സത്യം അവര്‍ക്കറിയാത്തത് കൊണ്ടല്ല. അതിനു പിന്നില്‍ അവര്‍ക്ക് പലതും നേടാനുണ്ട്. ചിലര്‍ക്ക് തങ്ങളുടെ തീവ്രവാദ മനോഭാവത്തെ മറച്ചു വെക്കാനുള്ള മറ. മറ്റു ചിലര്‍ക്ക് തങ്ങളുടെ അനാചാരങ്ങള്‍ വിറ്റു കാശാക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രം. പക്ഷെ വസ്തുതകള്‍ പരിശോധിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ സുവ്യക്തമാണ്. തീവ്രവാദപ്രസ്ഥാനങ്ങളുടെ കല്ലറകള്‍ മാന്തിയാല്‍ തങ്ങളുടെ അടിയാധാരം പോലും ലഭിക്കാവുന്ന ചിലരും ആരോപണങ്ങളുമായി രംഗത്തുണ്ട് എന്നതും ശ്രദ്ധേയം.ക്ഷീരമുള്ള അകിടിന്‍‍ ചുവട്ടിലും ചോര തന്നേ കൊതുകിന്നു കൌതുകം’. അല്ലാതെന്തു പറയാന്‍..


ഐസിസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഏറ്റവും ആദ്യം പ്രതികരിച്ചവര്‍ സലഫീ പണ്ഡിതന്മാരായിരുന്നു. അവരുടെ പ്രസ്ഥാവനകളില്‍ ചിലത് ഇവിടെ ഉദ്ദരിക്കാം:


ഐസിസ് ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കളാണ്. വിളകളും ജീവനും സര്‍വതും നശിപ്പിക്കുന്ന, നശീകരണ ചിന്താഗതിയും തീവ്രവാദ മനോഭാവവുമുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസ് ആകട്ടെ അല്‍ഖാഇദയാകട്ടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ ആദ്യത്തെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവരാകുന്നു ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍”. – ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിദഹുല്ല (സൗദി ഗ്രാന്‍ഡ്‌ മുഫ്തി)


അവരുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ഖവാരിജുകളുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളുമാണ്. അവരെക്കുറിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ്എന്ന് പറയാന്‍ പാടില്ല. അവരെ ദാഇശ് സ്റ്റേറ്റ്എന്നാണ് വിളിക്കേണ്ടത്. ഇസ്‌ലാമിസ്റ്റുകള്‍ എന്ന് അവരെ വിളിക്കാന്‍ പാടില്ല. ജനങ്ങളെ കത്തികൊണ്ട് അറുക്കുകയും കൊലയും അക്രമവും അഴിച്ചുവിടുന്ന ഇവര്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസും അല്‍ഖാഇദയും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.” – ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് അല്‍ ബദര്‍ ഹഫിദഹുള്ള. (മുഹദ്ദിസുല്‍ മദീന).


എല്ലാ മുസ്‌ലിമിനും ഈ ദീനിനോട് കടപ്പാടുണ്ട്. ഈ സമൂഹത്തോടും ഈ രാഷ്ട്രത്തോടും കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പിഴച്ച കക്ഷികളില്‍ നിന്നും ചിന്താധാരയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ഓരോരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യം അവര്‍ നിറവേറ്റേണ്ടതുണ്ട്. ആ പിഴച്ച ചിന്താധാരകളെപ്പറ്റി നാം ജനങ്ങളെ താക്കീത് നല്‍കുകയുംഅവരെക്കുറിച്ച് നാം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക. ഒരിക്കലും നാം അവരെ മറച്ചുവെക്കരുത്. അതുപോലെ നമ്മുടെ കുട്ടികളെ അവര്‍ സ്വാധീനിക്കുന്നതില്‍ നിന്നും നാം സൂക്ഷിക്കണം. അതിന് എപ്പോഴും ഉണര്‍വോടെ ജാഗരൂകരായി നില്‍ക്കല്‍ ആവശ്യമാണ്‌” – ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം)


ഐസിസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഈ ഉമ്മത്തിലെ അറിയപ്പെട്ട ഏതെങ്കിലും ഉലമാക്കളെ അവരോടൊപ്പം കാണാനും സാധിക്കില്ല”. - ശൈഖ് സഅദ് അശ്ശിസ്രി ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം).


എല്ലാ നന്മയും മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നതും സ്വഹാബത്ത് പിന്തുടര്‍ന്നതുമായ പാത പിന്‍പറ്റുന്നതിലാണ്. അല്ലാഹു മുഹമ്മദ്‌ (സ) യെ ലോകര്‍ക്കുള്ള കാരുണ്യമായാണ് അയച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:  “താങ്കളെ നാം ലോകര്‍ക്കുള്ള കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല”. അതനുസരിച്ചാണ് മുസ്‌ലിമീങ്ങള്‍ പ്രവര്‍ത്തിച്ചത്. ആ പ്രവര്‍ത്തനത്താല്‍ ലോകത്തിന്‍റെ നാനാ ഭാഗത്തും ഇസ്‌ലാം എത്തി. എന്നാല്‍ പിന്നീട് ചില ആളുകള്‍ സ്വഹാബത്തിനേക്കാള്‍ അല്ലാഹുവിന്‍റെ ദീനിനെ സംരക്ഷിക്കുന്നവരാണ് തങ്ങള്‍ എന്ന വ്യാജേന കടന്നുവന്നു. അവരാണ് ഖവാരിജുകള്‍....... അവരുയര്‍ത്തുന്ന മധുര വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. നബി (സ) അവരെക്കുറിച്ച് പറഞ്ഞത്: അവര്‍ (ആകര്‍ഷകമായ) നല്ല കാര്യങ്ങള്‍ സംസാരിക്കുകയും എന്നാല്‍ നീചമായ പ്രവര്‍ത്തി ചെയ്യുകയും ചെയ്യുമെന്നാണ്”. ഒരു മുസ്‌ലിമിന് ഐസിസിനെ ഇഷ്ടപ്പെടുവാനോ, ലോകത്തിന്‍റെ ഏത് കോണില്‍ ആയാലും അവരില്‍ അംഗമാകുവാനോ അവരുമായി സഹകരിക്കുവാനോ പാടില്ല. അവര്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണേഎന്നല്ലാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പാടില്ല.” – ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല. (മദീനയിലെ ജാമിഅ ഇസ്‌ലാമിയയിലെ ഉപരിപഠനവിഭാഗം അദ്ധ്യാപകന്‍). 


ഇനിയും എത്രയോ ഉദ്ദരണികള്‍ നമുക്ക് നിരത്താം. മുസ്‌ലിമീങ്ങളും ഇതര മതവിശ്വാസികളും പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഐസിസ് എന്നല്ല ഈ ഗണത്തില്‍പ്പെടുന്ന ആര് വന്നാലും അവരെ നേരിടുന്നതില്‍ മുന്‍പന്തിയിലുണ്ടാവുക ഇവിടെയുള്ള സലഫികളായിരിക്കും. കാരണം അവരെ നേരിടുക എന്നത് ഞങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. ഞങ്ങളുടെ ബാധ്യതയാണ്. മനുഷ്യ ജീവന് വില കല്പിക്കാത്ത ആ സമൂഹത്തെ കണ്ടുമുട്ടിയാല്‍ആദ് സമുദായം വധിക്കപ്പെട്ട പോലെ അവരെ ഞാന്‍ കൊന്നൊടുക്കുമെന്നപ്രവാചക വചനമാണ് നമുക്കതിനുള്ള പ്രചോദനം. സമാധാനപരമായി ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും ചെയ്യുന്നത് അത്യധികം വലിയ പാതകമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി (സ) പറഞ്ഞു: വിശ്വാസികളുമായി പരസ്പര സമാധാന ഉടമ്പടി പ്രകാരം ജീവിക്കുന്ന ഇതര മതസ്ഥനെ ആരെങ്കിലും വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അതിന്‍റെ പരിമളം അവനില്‍ നിന്ന് നാല്പത് വര്‍ഷത്തെ (വഴിദൂരം) അകലെയായിരിക്കും”.- [ബുഖാരി:2995].