Tuesday, July 5, 2016

ISIS ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍



പ്രാരംഭഘട്ടത്തില്‍ത്തന്നെ ISIS നെതിരെ ഇസ്ലാമിക ലോകത്തെ പ്രഗത്ഭരായ പണ്ഡിതന്മാർ നടത്തിയ പ്രസ്താവനകളാണ് താഴെ :

www.fiqhussunna.com

“ഐസിസ് ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കളാണ്. വിളകളും ജീവനും സര്‍വതും നശിപ്പിക്കുന്ന, നശീകരണ ചിന്താഗതിയും തീവ്രവാദ മനോഭാവവുമുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസ് ആകട്ടെ അല്‍ഖാഇദയാകട്ടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ ആദ്യത്തെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവരാകുന്നു ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍”. – ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിദഹുല്ല (സൗദി ഗ്രാന്‍ഡ്‌ മുഫ്തി). 19 ഓഗസ്റ്റ് 2014 നാണ് ശൈഖ് ഈ പ്രസ്ഥാവന നടത്തിയത്. ഇത് വളരെ വസ്തുതാപരമാരായ വിലയിരുത്തല്‍ ആയിരുന്നു എന്ന് പിന്നീടുള്ള അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും തെളിയിച്ചു.


“അവരുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ഖവാരിജുകളുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളുമാണ്. അവരെക്കുറിച്ച് ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന് പറയാന്‍ പാടില്ല. അവരെ ‘ദാഇശ് സ്റ്റേറ്റ്’ എന്നാണ് വിളിക്കേണ്ടത്. ഇസ്‌ലാമിസ്റ്റുകള്‍ എന്ന് അവരെ വിളിക്കാന്‍ പാടില്ല. ജനങ്ങളെ കത്തികൊണ്ട് അറുക്കുകയും കൊലയും അക്രമവും അഴിച്ചുവിടുന്ന ഇവര്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസും അല്‍ഖാഇദയും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.” – ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് അല്‍ ബദര്‍ ഹഫിദഹുള്ള. (മുഹദ്ദിസുല്‍ മദീന).


“എല്ലാ മുസ്‌ലിമിനും ഈ ദീനിനോട് കടപ്പാടുണ്ട്. ഈ സമൂഹത്തോടും ഈ രാഷ്ട്രത്തോടും കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പിഴച്ച കക്ഷികളില്‍ നിന്നും ചിന്താധാരയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ഓരോരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യം അവര്‍ നിറവേറ്റേണ്ടതുണ്ട്. ആ പിഴച്ച ചിന്താധാരകളെപ്പറ്റി നാം ജനങ്ങളെ താക്കീത് നല്‍കുകയും, അവരെക്കുറിച്ച് നാം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക. ഒരിക്കലും നാം അവരെ മറച്ചുവെക്കരുത്. അതുപോലെ നമ്മുടെ കുട്ടികളെ അവര്‍ സ്വാധീനിക്കുന്നതില്‍ നിന്നും നാം സൂക്ഷിക്കണം. അതിന് എപ്പോഴും ഉണര്‍വോടെ ജാഗരൂകരായി നില്‍ക്കല്‍ ആവശ്യമാണ്‌” – ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം).


“ഐസിസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഈ ഉമ്മത്തിലെ അറിയപ്പെട്ട ഏതെങ്കിലും ഉലമാക്കളെ അവരോടൊപ്പം കാണാനും സാധിക്കില്ല”. - ശൈഖ് സഅദ് അശ്ശിസ്’രി ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം).


“എല്ലാ നന്മയും മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നതും സ്വഹാബത്ത് പിന്തുടര്‍ന്നതുമായ പാത പിന്‍പറ്റുന്നതിലാണ്. അല്ലാഹു മുഹമ്മദ്‌ (സ) യെ ലോകര്‍ക്കുള്ള കാരുണ്യമായാണ് അയച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:  “താങ്കളെ നാം ലോകര്‍ക്കുള്ള കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല”. അതനുസരിച്ചാണ് മുസ്‌ലിമീങ്ങള്‍ പ്രവര്‍ത്തിച്ചത്. ആ പ്രവര്‍ത്തനത്താല്‍ ലോകത്തിന്‍റെ നാനാ ഭാഗത്തും ഇസ്‌ലാം എത്തി. എന്നാല്‍ പിന്നീട് ചില ആളുകള്‍ സ്വഹാബത്തിനേക്കാള്‍ അല്ലാഹുവിന്‍റെ ദീനിനെ സംരക്ഷിക്കുന്നവരാണ് തങ്ങള്‍ എന്ന വ്യാജേന കടന്നുവന്നു. അവരാണ് ഖവാരിജുകള്‍....... അവരുയര്‍ത്തുന്ന മധുര വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. നബി (സ) അവരെക്കുറിച്ച് പറഞ്ഞത്: “അവര്‍ (ആകര്‍ഷകമായ) നല്ല കാര്യങ്ങള്‍ സംസാരിക്കുകയും എന്നാല്‍ നീചമായ പ്രവര്‍ത്തി ചെയ്യുകയും ചെയ്യുമെന്നാണ്”. ഒരു മുസ്‌ലിമിന് ഐസിസിനെ ഇഷ്ടപ്പെടുവാനോ, ലോകത്തിന്‍റെ ഏത് കോണില്‍ ആയാലും അവരില്‍ അംഗമാകുവാനോ അവരുമായി സഹകരിക്കുവാനോ പാടില്ല. അവര്‍ക്ക് ‘നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണേ’ എന്നല്ലാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പാടില്ല.” – ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല. (മദീനയിലെ ജാമിഅ ഇസ്‌ലാമിയയിലെ  – ഉപരിപഠനവിഭാഗം  അദ്ധ്യാപകന്‍).

  
നബി (സ) പറഞ്ഞു: "അവർ സത്യനിഷേധികളെ വെറുതെ വിടുകയും മുസ്ലിമീങ്ങളെ കൊന്നൊടുക്കുകയും ചെയ്യും". പള്ളികളെ ലക്ഷ്യം വച്ചാണ് അവർ ഏറെ ആക്രമണങ്ങളും നടത്തിയതെങ്കിൽ, ഒരേ ഒരാഴ്ചക്കുള്ളില്‍ നാല് വ്യത്യസ്ഥ മുസ്‌ലിം രാഷ്ട്രങ്ങളില്‍ 250 ഓളം മുസ്ലിമീങ്ങളെ അവര്‍ കൊന്നൊടുക്കിയെങ്കില്‍, നിസ്സംശയം അവർ ഖവാരിജുകൾ തന്നെ ... അവർ നമ്മുടെ രാജ്യത്തും എത്തുന്ന പക്ഷം അവരെ നേരിടാൻ മുൻപന്തിയിൽ ഉണ്ടാവുക ഇവിടത്തെ മുസ്ലിമീങ്ങൾ ആയിരിക്കും ... കാരണം അവരുടെ ഒന്നാമത്തെ ശത്രുക്കൾ മുസ്ലിമീങ്ങളാണ് ... അവരെ നേരിടലാകട്ടെ മുസ്ലിമീങ്ങളുടെ ബാധ്യതയും ...  അല്ലാഹു അനുഗ്രഹിക്കട്ടെ