Sunday, October 23, 2016

വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ള സമയത്ത് മയ്യിത്തിനെ കുളിപ്പിക്കാന്‍ പാടുണ്ടോ ?.

ചോദ്യം: വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ള സമയത്ത് മയ്യിത്തിനെ കുളിപ്പിക്കാന്‍ പാടുണ്ടോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه

വിശുദ്ധഖുര്‍ആനിലോ ഹദീസിലോ വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ളവര്‍ക്ക് മയ്യിത്തിനെ കുളിപ്പിക്കാന്‍ വിലക്കുള്ളതായി കാണാന്‍ സാധിക്കുന്നില്ല. മയ്യിത്തിനെ കുളിപ്പിക്കുന്ന ആള്‍ ശുദ്ധിയുള്ള ആളായിരിക്കണം എന്ന നിബന്ധനയില്ല.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:


"ولا نعلم بينهم اختلافاً في صحة تغسيلهما وتغميضهما له ـ الحائض والجنب ـ ، ولكن الأولى أن يكون المتولي لأموره ، في تغميضه وتغسيله ، طاهراً لأنه أكمل وأحسن"

"ജനാബത്തോ ഹൈളോ ഉള്ളവര്‍ മയ്യിത്തിനെ കുളിപ്പിക്കുന്നതും മയ്യിത്തിന്‍റെ കണ്ണുകള്‍ അടച്ചുകൊടുക്കുന്നതും അനുവദനീയമാണ് എന്നതില്‍ എന്തെങ്കിലും അഭിപ്രായഭിന്നതയുള്ളതായി അറിവില്ല. എന്നാല്‍ മയ്യിത്തിന്‍റെ കര്‍മ്മങ്ങളും, കണ്ണ് അടച്ചുകൊടുക്കുന്നവരും കുളിപ്പിക്കുന്നവരും ശുദ്ധിയുള്ളവരാണ് എങ്കില്‍ അത് കൂടുതല്‍ നല്ലതാണ് എന്ന് മാത്രം. ശുദ്ധിയുള്ള അവസ്ഥ കൂടുതല്‍ പൂര്‍ണവും നല്ലതുമാണല്ലോ (എന്നതുകൊണ്ട്‌ മാത്രം). - [അല്‍മുഗ്നി: 2/162].

ശുദ്ധി എന്നത് അശുദ്ധിയുള്ള അവസ്ഥയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നല്ലത് എന്ന അര്‍ത്ഥത്തിലാണ് ഇമാം അപ്രകാരം പറഞ്ഞത്.

ഇമാം നവവി (റ) പറയുന്നു:

"يجوز للجنب والحائض غسل الميت بلا كراهة ، وكرههما الحسن وابن سيرين ، وكره مالك الجنب . دليلنا : أنهما طاهران كغيرهما"

"ഹൈള് ഉള്ളവര്‍ക്കും ജനാബത്ത് ഉള്ളവര്‍ക്കും മയ്യിത്തിനെ കുളിപ്പിക്കാം. അതില്‍ യാതൊരു കറാഹത്തും ഇല്ല. ഹസനുല്‍ ബസരി, ഇബ്നു സീരീന്‍ തുടങ്ങിയ ഇമാമീങ്ങളും, ജനാബത്ത്കാരുടെ വിഷയത്തില്‍ ഇമാം മാലിക്കും കറാഹത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹൈളും ജനാബത്തും ഉള്ളവരും മറ്റുള്ളവരെപ്പോലെ (ആന്തരികമായ) ശുദ്ധി ഉള്ളവര്‍ തന്നെയാണ് എന്നതാണ് നമുക്ക് ഈ വിഷയത്തില്‍ ഉള്ള തെളിവ്" - [ശര്‍ഹുല്‍ മുഹദ്ദബ്: 5/145].   

അതുപോലെ ലജ്നതുദ്ദാഇമ ഈ വിഷയത്തില്‍ നല്‍കിയ മറുപടി:

"يجوز للمرأة وهي حائض أن تغسل النساء وتكفنهن ، ولها أن تغسل من الرجال زوجها فقط ، ولا يعتبر الحيض مانعاً من تغسيل الجنازة"

"സ്ത്രീകള്‍ക്ക് അവര്‍ ഹൈള് ഉള്ളവരായിരിക്കെ സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാവുന്നതാണ്. പുരുഷന്മാരില്‍ നിന്നും തങ്ങളുടെ ഭര്‍ത്താവിനെ കുളിപ്പിക്കാന്‍ മാത്രമെ അവര്‍ക്ക് അനുവാദമുള്ളൂ. ജനാസയെ കുളിപ്പിക്കുന്നതിന് ഹൈള് ഒരു തടസ്സമല്ല." - [ഫതാവ ലജ്നതുദ്ദാഇമ: 8/369].

അല്ലാഹു അനുഗ്രഹിക്കട്ടെ ... 




-----------------------------------------------------------

അനുബന്ധ ലേഖനം: ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ, പുരുഷന് സ്ത്രീയെയോ സ്ത്രീക്ക് പുരുഷനെയോ ജനാസ കുളിപ്പിക്കാമോ ?.  http://www.fiqhussunna.com/2016/10/blog-post_23.html


ജനാസ നിയമങ്ങള്‍: http://www.fiqhussunna.com/p/mr.html