Tuesday, November 22, 2016

ഫൈസലിന്‍റെ മരണം ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടനേകം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഫൈസലിന്‍റെ മരണം ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടനേകം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സുമയ്യ (റ), യാസിര്‍ (റ), അബൂ ജന്ദല്‍ (റ) തുടങ്ങി നിരവധി പേരുടെ ചരിത്രങ്ങള്‍. 

www.fiqhussunna.com

ഹുദൈബിയാ സന്ധിയിൽ പ്രവാചകൻ ഒപ്പു വെച്ച സമയം. കരാര്‍ നടക്കുന്ന സ്ഥലത്തേക്ക്.. കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച്, മർദ്ദനം കൊണ്ടവശനായ ശരീരവുമായി അബൂ ജന്ദൽ (റ) എന്ന സ്വഹാബി ഇഴഞ്ഞു വന്നു. നബി (സ) യുടെ മുന്നിലേക്കദ്ദേഹം വീണു. മക്കാ മുശ്‌രിക്കുകളുടെ ഭാഗത്തു നിന്നും സന്ധിയെഴുതാൻ വന്ന സുഹൈലിന്‍റെ പുത്രനായിരുന്നു അദ്ദേഹം. 

അപ്പോഴേക്കും 'മക്കയിൽ നിന്ന് ഇസ്ലാം സ്വീകരിച്ച് വരുന്ന ആർക്കും തന്നെ മദീനയിൽ അഭയം നൽകരുത് ' എന്ന  മുശ്‌രിക്കുകളുടെ  ഏകപക്ഷീയമായ നിബന്ധനയിൽ, സമാധാനം കാംക്ഷിച്ച് നബി തിരുമേനി (സ) ഒപ്പ് വെച്ച് കഴിഞ്ഞിരുന്നു. 

പീഡിതനായ അബൂ ജന്ദല്‍ (റ) സഹായമഭ്യര്‍ഥിച്ചുകൊണ്ടു നബി (സ) യോട് ഇപ്രകാരം പറഞ്ഞു:  "എന്‍റെ വിശ്വാസത്തിന്‍റെ പേരില്‍ എന്നെ മർദിക്കുകയും, എന്‍റെ വിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവിശ്വാസികൾക്ക് എന്നെ വിട്ടു നൽകി നിങ്ങൾ തിരിച്ചു പോകുകയാണോ ?!. എന്നെ ഇവരില്‍ നിന്നും രക്ഷിക്കണം."

  ഈ സമയം പീഡനമനുഭവിക്കുന്ന സ്വന്തം മകനെ നോക്കി സുഹൈലെന്ന പിതാവ് പോലും അട്ടഹസിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ് അവശനായ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട ശരീരം. മുശ്‌രിക്കുകള്‍ പീഡനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്‍റെ പേരില്‍ തങ്ങളുടെ സഹോദരന്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടുനിന്ന സ്വഹാബത്ത് വികാരഭരിതരായി. പ്രവാചകൻ ഒന്ന് മൂളിയാൽ തങ്ങളുടെ ജീവൻ വെടിഞ്ഞും അബൂ ജന്ദലിനെ രക്ഷിക്കാൻ വെമ്പൽ കൊള്ളുകയായിരുന്നവർ. എന്നാല്‍ അബൂ ജന്ദലിനെ സഹായിക്കാന്‍ മക്കക്കാരുമായുണ്ടാക്കിയ കരാര്‍ അന്ന് തടസ്സമായിരുന്നു. കാരണം മക്കയില്‍ നിന്നും പീഡനം അനുഭവിച്ച് നബി (സ) യുടെ അരികിലേക്ക് അഭയം തേടിയവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് കരാറില്‍ നിബന്ധനയുണ്ടായിരുന്നു. എല്ലാവരും പ്രവാചകന്‍റെ മൊഴിമുത്തുകൾക്ക് കാതോർത്തു.

അദ്ദേഹം പറഞ്ഞു: "നാം ഈ സമൂഹവുമായിതാ ഒരു കരാറിലേർപ്പെട്ടിരിക്കുന്നു. അവരെ ചതിച്ച് ആ കരാർ നാം ലംഘിക്കുകയില്ല. അബൂ ജന്ദൽ താങ്കൾ ക്ഷമിക്കുക. അല്ലാഹു താങ്കൾക്കും താങ്കളെപ്പോലെ പീഡനമനുഭവിക്കുന്നവർക്കും ഒരു പോംവഴി ഉണ്ടാക്കിത്തരും".

പീഡനം സഹിക്കവയ്യാതെ അബൂ ജന്ദൽ ആവർത്തിച്ചു. "എന്‍റെ വിശ്വാസത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്ന ഇവർക്ക് എന്നെ വിട്ടുനൽകി നിങ്ങൾ പോകുകയാണോ"
ഒപ്പുവച്ച സമാധാനക്കരാറിന് ഭംഗം വരരുതേ എന്ന ഉറച്ച തീരുമാനത്തോടെ.  നിറകണ്ണുകളുമായി തങ്ങളുടെ സങ്കടം അടക്കിപ്പിടിച്ച് പ്രവാചകനും സ്വഹാബത്തും അവിടെ നിന്നും നടന്നു നീങ്ങി.

പിന്നീട് മക്കയില്‍ തങ്ങിയ വിശ്വാസികളായ ആളുകളെ കണ്ട് ഏകദൈവവിശ്വാസത്തിന്‍റെ മാധുര്യം നുകരാന്‍ കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു.തങ്ങള്‍ ഉണ്ടാക്കിയ ഏകപക്ഷീയമായ നിബന്ധനകള്‍ തങ്ങള്‍ക്ക് തന്നെ വിനയായത് മനസ്സിലാക്കിയ ബഹുദൈവാരാധകര്‍ പിന്നീട് ആ കരാര്‍ ലംഘിച്ചു.
അതെ "അബൂ ജന്ദൽ താങ്കള്‍ ക്ഷമിക്കുക" , കലാപദാഹികൾക്ക് മുന്നിൽ സമാധാനം കൊണ്ട് കോട്ട തീർത്ത വാക്കുകൾ. അല്ലാഹു നിങ്ങള്‍ക്കും നിങ്ങളെപ്പോലെ പീഡനമനുഭവിക്കുന്നവര്‍ക്കും ഒരു പോംവഴി ഉണ്ടാക്കിത്തരും.

ആലോചിച്ചു നോക്കൂ...  സമുദായത്തിലെ യുവാക്കള്‍ക്ക് പ്രതികരിക്കാൻ അറിയാത്തതു കൊണ്ടല്ല, അവരുടെ ശരീരത്തിലും ഓടുന്നത് രക്തമാണ്.  ഒരുപക്ഷെ പള്ളിയിലെ ഇമാമുമാരും ഖതീബുമാരും അരുതേ എന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ, വികാരത്തെ വിചാരം കൊണ്ട് നേരിടാന്‍ അവരെ പ്രാപ്ത്രാക്കിയില്ലായിരുന്നുവെങ്കില്‍...?!!.  ഫൈസലിന്‍റെ  കൊലപാതകികളും രാജ്യദ്രോഹികളും ആഗ്രഹിച്ച അവസ്ഥയിലേക്ക് അത് നമ്മുടെ നാടിനെ കൊണ്ടുചെന്നെത്തിക്കുമായിരുന്നു. തക്കം പാര്‍ത്തിരിക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ അവസരം മുതലെടുക്കുമായിരുന്നു. അതാണല്ലോ ഇത് ചെയ്ത രാജ്യദ്രോഹികള്‍ ലക്ഷ്യം വെച്ചതും.

ഇന്ന് ജാതിമതഭേദമന്യേ ആ അരുംകൊല ചെയ്തവര്‍ക്കെതിരെ ഒരുമിചിരിക്കുന്നു. മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ചയാക്കിയില്ലെങ്കിലും മനസ്സില്‍ മനുഷ്യത്വമുള്ളവരെല്ലാം പ്രതികരിക്കുന്നു. സ്വന്തം കൂടെപ്പിറപ്പിന് വല്ലതും സംഭവിക്കുന്നതിനേക്കാൾ വലിയ വേദനയാണ് ഈ സംഭവം ഓരോ മുസ്ലിമിനുമുണ്ടാക്കിയത്. സത്യവിശ്വാസത്തിലേക്ക് കടന്നുവന്ന തങ്ങളുടെ പ്രിയസഹോദരനെ സംരക്ഷിക്കാൻ ആയില്ലല്ലോ എന്ന ആവലാതി. കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നിയമപാലകര്‍ മുതിരണം. തങ്ങള്‍ സത്യമാണെന്ന് മനസ്സിലാക്കിയ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ കേരളം ഒന്നിക്കണം.

ഇനി ഏത് കോടതിയില്‍ രക്ഷപ്പെട്ടാലും ഏത് നിയമങ്ങള്‍ സുരക്ഷക്ക് വന്നാലും അക്രമികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്ന കോടതി വരാനുണ്ട്.  അവിടെ ഫൈസലിന് സന്തോഷിക്കാം. കാരണം മരണം യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വിശ്വാസത്തിന്‍റെ പേരില്‍ വധിക്കപ്പെടുക എന്നതിനേക്കാള്‍ വലിയൊരു സൗഭാഗ്യമില്ല. ഫൈസലിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. കുടുംബത്തിന് ക്ഷമയും സത്യത്തിൽ ഉറച്ച് നിൽക്കാനുള്ള കരുത്തും നൽകട്ടെ...

യാസിർ കുടുംബത്തോട് : "സ്വബ്‌റൻ യാ ആല യാസിർ" ... 'യാസിർ കുടുംബമേ നിങ്ങൾ ക്ഷമിക്കുക' എന്ന് പറഞ്ഞ പ്രവാചക വചനങ്ങൾ വികാരത്തെ വിചാരം കൊണ്ട് നേരിടാൻ നമ്മെ പ്രാപ്തരാക്കട്ടെ..

മനുഷ്യർ അറുകൊല ചെയ്യപ്പെടുമ്പോൾ ശബ്ദിക്കാതെ, നായയുടെ നീതി ലംഘിക്കപ്പെടുന്നുവെന്നു ആവലാതിപ്പെടുന്ന നീതിന്യായ വ്യവസ്ഥയും, സാധാരണക്കാരന്റെ കണ്ണീർ കണ്ട് ചിരിക്കുന്ന അധികാരികളുമല്ല ... നീതിമാനായ സൃഷ്ടാവിന്റെ കോടതിയാണ് നമ്മുടെ പ്രതീക്ഷ ...

അല്ലാഹു പറയുന്നു:

"അക്രമികള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌."

"കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌." 

"(അന്ന്‌) ബദ്ധപ്പെട്ട്‌ ഓടിക്കൊണ്ടും, തലകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കൊണ്ടും (അവര്‍ വരും). അവരുടെ ദൃഷ്ടികള്‍ അവരിലേക്ക്‌ തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും."

"മനുഷ്യര്‍ക്ക്‌ ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കുക."


"അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക്‌ നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്‍റെ വിളിക്ക്‌ ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം."

"നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന്‌ നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക്‌ നല്‍കപ്പെടുന്ന മറുപടി.)"  - [ വിശുദ്ധ ഖുർആൻ: 14/42,43,44].