Monday, June 19, 2017

ഫിത്വര്‍ സകാത്ത് താന്‍ താമസിക്കുന്നിടത്ത് തന്നെ നല്‍കേണ്ടതുണ്ടോ ?. അതോ കൂടുതല്‍ ആവശ്യമുള്ളിടത്തേക്ക് നല്‍കാമോ ?.


ചോദ്യം: ഞാന്‍ ഒരു പ്രവാസിയാണ്. എന്‍റെ സകാത്ത് ഇവിടെ വിദേശത്ത് തന്നെ നല്‍കേണ്ടതുണ്ടോ ?. അതോ നാട്ടില്‍ നല്‍കാമോ ?. നാട്ടില്‍ ഞങ്ങളുടെ പ്രദേശത്ത് കൂടുതല്‍ പാവപ്പെട്ടവരുണ്ട്‌.

www.fiqhussunna.com


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

അവകാശികള്‍ക്ക് ലഭിച്ചാല്‍ എവിടെയാണ് നല്‍കപ്പെട്ടതെങ്കിലും സകാത്ത് വീടുന്നതാണ്. അവനവന്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്നതാണ് കൂടുതല്‍ ഉചിതമായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് കാണാന്‍ സാധിക്കുന്നത്. കാരണം താന്‍ വസിക്കുന്നിടത്ത് തന്നെ പാവപ്പെട്ടവര്‍ ഉണ്ടെങ്കില്‍ തന്‍റെ വിഹിതത്തിന് അവരാണ് ഏറ്റവും അര്‍ഹര്‍ എന്ന നിലക്കാണ് പണ്ഡിതന്മാര്‍ അപ്രകാരം പറഞ്ഞത്. എന്നാല്‍ മറ്റൊരു നാട്ടില്‍ കൂടുതല്‍ പട്ടിണിയും പ്രയാസവും ഉണ്ടെങ്കില്‍ അവിടേക്ക് നല്‍കുന്നതിലോ, അതല്ലെങ്കില്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ചത് പോലെ താന്‍ നാട്ടില്‍ താമസിക്കുന്ന പരിധിയില്‍ ഉള്ള പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിലോ യാതോരു തെറ്റുമില്ല. സാഹചര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ രൂപത്തില്‍ വിതരണം ചെയ്യാവുന്നതാണ്. ഏതായാലും എല്ലാവരും മറ്റു നാടുകളിലേക്ക് നല്‍കി താന്‍ വസിക്കുന്നിടത്തെ പാവപ്പെട്ടവര്‍ക്ക് യാതൊന്നും ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത് എന്നര്‍ത്ഥം. പക്ഷെ പണമായല്ല ഭക്ഷണമായാണ് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടത് എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

സകാത്തുല്‍ ഫിത്വര്‍ കൂടുതല്‍ പാവപ്പെട്ടവരുള്ള മറ്റൊരു നാട്ടിലേക്ക് നല്‍കാമോ എന്ന വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു:

ചോദ്യം:
ഞങ്ങള്‍ സൗദിയില്‍ ജീവിക്കുന്ന സുഡാനില്‍ നിന്നുള്ളവരാണ്. ഞങ്ങള്‍ ഞങ്ങളുടെ സകാത്തുല്‍ ഫിത്വര്‍ സൗദിയിലെ വിലയനുസരിച്ച് സ്വരൂപിച്ച് ഫിത്വര്‍ സകാത്ത് ഭക്ഷണമായി നല്‍കാനായി സുഡാനിലെ വിശ്വസനീയരായ സഹോദരങ്ങളെ ഏല്പിക്കുന്നു. ഇത് അനുവദനീയമാണോ ?.

ഉത്തരം:


لا حرج في هذا، لكن الأحوط أن تخرجوا زكاة الفطر في البلد التي أنتم تقيمون فيها، هذا هو الأحوط لكم، إخراجها في البلد التي أنت مقيم فيها، هذا أولى لأنها مواساة لأهل البلد التي أنت فيها، فإذا أرسلتها إلى الفقراء الذين في بلدك أجزأت إن شاء الله، لكن الأحوط والأفضل هو إخراجها في البلد الذي أنت مقيم فيه، لأن جملة من العلماء يقولون يجب إخراجها في البلد التي يكون فيها المسلم، يخرج الزكاة في البلد التي هو مقيم فيها، هذا عند جمعٍ من أهل العلم وإذا نقلها للحاجة فلا بأس إن شاء الله، لكن كونه يخرجها في البلد الذي هو مقيم فيه وصائم فيه هذا هو الأحوط.

"അതില്‍ കുഴപ്പമില്ല. പക്ഷെ കൂടുതല്‍ ഉചിതം നിങ്ങള്‍ വസിക്കുന്നിടത്ത് നല്‍കുന്നതിനാണ്. അതാണ്‌ കൂടുതല്‍ ഉചിതം. നിങ്ങള്‍ വസിക്കുന്നിടത്ത് തന്നെ അത് നല്‍കുക എന്നതാണ് കൂടുതല്‍ നല്ലത്. കാരണം നിങ്ങള്‍ വസിക്കുന്ന നാട്ടിലെ പാവപ്പെട്ടവരോട് ഉള്ള സഹായമാകും അത്. എന്നാല്‍ നിന്‍റെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അതയച്ചാല്‍ നിന്‍റെ സകാത്ത് വീടുന്നതാണ് ഇന്‍ ഷാ അല്ലാഹ്. പക്ഷെ അവനവന്‍ വസിക്കുന്നിടത്ത് നല്‍കലാണ് കൂടുതല്‍ നല്ലത്. കാരണം ചില പണ്ഡിതന്മാര്‍ അവനവന്‍ വസിക്കുന്ന നാട്ടില്‍ തന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം അപ്രകാരമാണ്. എന്നാല്‍ ഗുണപരമായ ഒരാവശ്യം കാരണത്താല്‍ മറ്റൊരു നാട്ടിലേക്ക് അതയച്ചാല്‍ അതില്‍ തെറ്റില്ല ഇന്‍ ഷാ അല്ലാഹ്.  പക്ഷെ താന്‍ നോമ്പ് എടുക്കുന്നതും വസിക്കുന്നതുമായ ആ നാട്ടില്‍ തന്നെ നല്‍കലാണ് കൂടുതല്‍ ഉചിതം". - [http://www.binbaz.org.sa/noor/5029].

അവകാശികള്‍ക്കാണ് ലഭിക്കുന്നത് എങ്കില്‍ എവിടെ നല്‍കിയാലും അയാളുടെ സകാത്ത് വീടും എന്നതില്‍ സംശയമില്ല. 


അതുപോലെ ശൈഖ് ഉസൈമീന്‍ (റ) പറയുന്നു:

نعم يجوز نقل الزكاة من بلد إلى بلد أخرى، ولكن الأفضل أن يفرقها في بلده إلا إذا كان في النقل مصلحة، مثل أن يكون له أقارب في بلد آخر من أهل الزكاة، فيريد أن ينقلها إليهم، أو يكون البلد الآخر أكثر حاجة من بلده فينقلها إليهم ، لأنهم أحوج فإن هذا لا بأس به ، وإلا فالأفضل أن يفرقها في بلده ، ومع ذلك لو أن نقلها إلى بلد آخر بدون مصلحة فإنه إن أوصلها إلى أهلها في أي مكان أجزأت عنه؛ لأن الله تبارك وتعالى فرضها لأهلها ، ولم يشترط أن يكونوا في بلد المال


"അതെ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് സകാത്ത് നല്‍കാം. പക്ഷെ അങ്ങനെ വേറെ നാട്ടിലേക്ക് നല്‍കുന്നതില്‍ പ്രത്യേകമായ എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടെങ്കിലല്ലാതെ സ്വന്തം നാട്ടില്‍ തന്നെ നല്‍കുന്നതാണ് ഏറ്റവും നല്ലത്. ഉദാ:: താന്‍ നല്‍കുന്ന മറ്റു നാട്ടിലുള്ളവര്‍ സകാത്തിന് അവകാശികളായ തന്‍റെ ബന്ധുക്കളോ, അതല്ലെങ്കില്‍ അവര്‍ തന്‍റെ നാട്ടിലുള്ളവരേക്കാള്‍ കൂടുതല്‍ ആവശ്യക്കാരോ ആണെങ്കില്‍ അവര്‍ക്ക് ആ നാട്ടിലേക്ക് അയക്കാം. കാരണം അവര്‍ കൂടുതല്‍ ആവശ്യക്കാരാണല്ലോ. അതില്‍ തെറ്റില്ല. ഇനി അല്ലാത്ത പക്ഷം സ്വന്തം നാട്ടില്‍ തന്നെ നല്‍കുന്നതാണ് നല്ലത്. ഇനി ഒരാള്‍ പ്രത്യേകമായ ഒരു കാരണവുമില്ലാതെത്തന്നെ മറ്റൊരു നാട്ടിലേക്ക് തന്റെ സകാത്ത് അയച്ചാല്‍ അത് അവകാശികളുടെ കയ്യില്‍ ആണ് എത്തുന്നത് എങ്കില്‍ എവിടെയാണെങ്കിലും അയാളുടെ സകാത്ത് വീടും. കാരണം അല്ലാഹു അത് നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കണം എന്നത് നിര്‍ബന്ധമാക്കുകയാണ് ചെയ്തത്. ആ അവകാശികള്‍ താന്‍ വസിക്കുന്നിടത്ത് തന്നെ ഉള്ളവരായിരിക്കണം എന്ന് നിബന്ധന വച്ചിട്ടില്ല." - [https://ar.islamway.net/fatwa/11724/].

അതുകൊണ്ട് താങ്കള്‍ക്ക് താങ്കള്‍ താമസിക്കുന്ന വിദേശ രാജ്യത്തെ പാവപ്പെട്ടവര്‍ക്കോ, താങ്കളുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്കോ അത് നല്‍കാവുന്നതാണ്. അവകാശികളുടെ കയ്യില്‍ എത്തുന്നു എന്നതും, ഭക്ഷണമായിത്തന്നെയാണ് ഫിത്വര്‍ സകാത്ത് നല്‍കപ്പെടുന്നത് എന്നതും ഉറപ്പ് വരുത്തിയാല്‍ മതി. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... 
______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ